വള്ളിക്കുന്ന്: കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി പ്ലാറ്റ്ഫോമിലേക്ക് കയറുന്നതിനിടെ എതിരെ വന്ന മറ്റൊരു ട്രെയിൻ ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം.
വള്ളിക്കുന്ന് നെറുംകൈതക്കോട്ട ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഒഴുകിൽ തട്ടയൂർ ഇല്ലത്ത് രാജേഷ് നമ്പൂതിരിയുടെ മകൾ സൂര്യയാണ് (20) മരിച്ചത്.
ബി.ടെക് കമ്പ്യൂട്ടർ വിദ്യാർഥിനിയായ സൂര്യ കോളജിൽനിന്ന് അവധി ദിവസത്തിന് വീട്ടിലേക്കു വന്ന കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ ട്രെയിനിൽനിന്ന് കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി റെയിൽവേ ട്രാക്കുവഴി ഒന്നാം പ്ലാറ്റ്ഫോമിലേക്കു കയറുന്നതിനിടെ മംഗലാപുരത്തുനിന്ന് ചെന്നൈയിലേക്കു പോകുന്ന സൂപ്പർഫാസ്റ്റ് ട്രെയിൻ ഇടിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് ആറിനാണ് അപകടം നടന്നത്.
പ്ലാറ്റ്ഫോമിന് ഉയരക്കൂടുതലുള്ളതിനാൽ അരികുചേർന്നുനിന്നെങ്കിലും രക്ഷപ്പെടാനായില്ല. പെട്ടെന്ന് എത്താനായി മേൽപാലം ഒഴിവാക്കി എളുപ്പവഴി തിരഞ്ഞെടുത്തതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് നിഗമനം.
അപകടം നടക്കുമ്പോൾ മകളെ കൂട്ടിക്കൊണ്ടുപോവാൻ വേണ്ടി സൂര്യയുടെ അമ്മ കാറുമായി റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. മകൾ ട്രെയിൻ ഇറങ്ങിയ ഉടൻ മാതാവ് വിളിച്ചു കാത്തുനിൽക്കുന്ന കാര്യം അറിയിച്ചിരുന്നു.
മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച സംസ്കാരം നടക്കും.
മാതാവ്: പ്രതിഭ(അധ്യാപിക, സി.എം.എച്ച് സ്കൂൾ, മണ്ണൂർ). സഹോദരൻ: ആദിത്യൻ.