കാരാകുർശ്ശി: പുഴയിലെ ചുഴിയിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ വിദ്യാർഥി ഒഴുക്കിൽപെട്ട് മരിച്ചു. മണ്ണാർക്കാട് നമ്പിയംപടിയിൽ താമസിക്കുന്ന കാരാകുർശ്ശി പുല്ലശ്ശേരി സ്വദേശി സ്രാമ്പിക്കൽ അയ്യൂബിന്റെ മകൻ അശ്ഫിനാണ് (18) മണ്ണാർക്കാട് നെല്ലിപ്പുഴയിൽ മുങ്ങിമരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. സുഹൃത്ത് ജോവാനൊപ്പം കുളിക്കാനിറങ്ങിയ സമയത്താണ് അപകടം. ജോവാൻ ഒഴുക്കിൽപെട്ട് മുങ്ങിയപ്പോൾ രക്ഷിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ ജോവാൻ നീന്തികരക്ക് കയറി. ജോവാന്റെ നിലവിളി കേട്ട പരിസരവാസികളും യാത്രക്കാരും മണ്ണാർക്കാട് അഗ്നി രക്ഷസേനയും അശ്ഫിനെ പുറത്തെടുത്ത് മണ്ണാർക്കാട് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണ്ണാർക്കാട് നജാത്ത് ആർട്സ് ആൻറ് സയൻസ് കോളജ് ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് പുല്ലിശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മാതാവ്: ഫാരി, സഹോദരങ്ങൾ: അശ്ഹൽ, അൻഫാൽ, അയ് മൽ.