എറിയാട് (തൃശൂർ): യു.എ.ഇയിലെ മുൻ പ്രവാസി മലപ്പുറം മഞ്ചേരി കാരക്കുന്നിൽ താമസിച്ചിരുന്ന കറുകപ്പാടത്ത് ഉതുമാൻചാലിൽ പരേതനായ ഷംസുദ്ദീൻ മൗലവിയുടെ മകൻ അബ്ദുൽ ജബ്ബാർ (ജബ്ബാരി-78) നിര്യാതനായി. അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
ജി.സി.ഡി.എ ഉദ്യോഗസ്ഥനായിരിക്കെ ജോലി ഉപേക്ഷിച്ച് വിദേശത്തേക്ക് പോയി. ദുബൈ കേന്ദ്രീകരിച്ച് ‘സഹൃദയ’ എന്ന സാംസ്കാരിക സംഘടനക്ക് നേതൃത്വം നൽകി. യു.എ.ഇയിലെ മലയാള മാധ്യമ കൂട്ടായ്മയിലും മറ്റു സാംസ്കാരിക സംഘടനകളിലും സജീവമായിരുന്നു. പത്രപ്രവർത്തനരംഗത്തും സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലും നാടകം ഉൾപ്പെടെ കലാ-സാംസ്കാരിക മേഖലകളിലും സജീവമായി പ്രവർത്തിച്ചു.
കേരള സഹൃദയ മണ്ഡലം പ്രസിഡന്റ്, കേരള റീഡേഴ്സ് ആൻഡ് റൈറ്റേഴ്സ് ഫോറം പ്രസിഡന്റ്, അഖില കേരള ബാലജന സഖ്യം തൃശൂർ ജില്ല ഓർഗനൈസർ, ചന്ദ്രിക തൃശൂർ ജില്ല ലേഖകൻ, ദീപിക കൊടുങ്ങല്ലൂർ ലേഖകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേബിൾ ടൈംസ്, സലഫി ടൈംസ് എന്നീ ആനുകാലികങ്ങളും സ്വന്തമായി പ്രസിദ്ധീകരിച്ചിരുന്നു.
ഭാര്യമാർ: കൂളിമുട്ടം കോളങ്ങാട്ടുപറമ്പിൽ ഐഷാബി, നഫീസ (മലപ്പുറം), സഫിയ (മഞ്ചേരി). മക്കൾ: റംലത്ത് (ആരോഗ്യവകുപ്പ്), അബൂബക്കർ, ഷംസുദ്ദീൻ (ഗൾഫ്), സൈനബ, നദ, നജാഹ്, അബ്ദുൽ നഹീം. മരുമക്കൾ: പരേതനായ സൈഫുദ്ദീൻ, അബ്ദുൽ റഷീദ്, ഹസീന, ഷഹീർ. ഖബറടക്കം എറിയാട് കടപ്പൂര് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.