പട്ടാമ്പി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ല മുശാവറ അംഗം സി.പി. മുഹമ്മദ് കുട്ടി മുസ്ലിയാർ (90) നിര്യാതനായി. വെള്ളിയാഴ്ച രാത്രി ഒമ്പതര മണിയോടെ കോട്ടക്കൽ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.
പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജിലെ ആദ്യകാല ബാച്ചുകളിലെ ഫൈസി ബിരുദധാരിയാണ്. മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ കൊടുമുണ്ട ജലാലിയ്യ കോംപ്ലക്സ് ചെയർമാനാണ്. അരനൂറ്റാണ്ടിലേറെക്കാലം ചെമ്പുലങ്ങാട് ജുമാമസ്ജിദ് മുദരിസായിരുന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി പ്രാർത്ഥനാ സദസ്സുകൾ നടത്തുന്നുണ്ട്.
ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ, കെ.കെ. അബൂബക്കർ ഹസ്റത്ത് എന്നിവരുടെ ശിഷ്യനാണ്. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് കൊടുമുണ്ട ജലാലിയ ഇസ്ലാമിക് കോംപ്ലക്സിൽ.
ഭാര്യമാർ: ചോതേടത്ത് പള്ളിയാലിൽ പരേതയായ ഫാത്തിമക്കുട്ടി, സഫിയ. മക്കൾ: അബ്ദുൽ റഷീദ്, മൈമൂന, സൈനബ, ആബിദ.