ഒറ്റപ്പാലം: മീൻ പിടിക്കുന്നതിനിടെ ഭാരതപ്പുഴയിലെ ഒഴുക്കിൽപെട്ട് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം എട്ടാം ദിവസം കണ്ടെത്തി. പാലക്കാട്-മലപ്പുറം ജില്ല അതിർത്തിയായ കൂടല്ലൂർ ജാറം കടവിലാണ് മൃതദേഹം കണ്ടെത്തിയത്.
ചുനങ്ങാട് താമസിക്കുന്ന പാലപ്പുറം പാറക്കൽ യൂസഫ് (58) ആണ് ഒഴുക്കിൽപെട്ടത്. തിങ്കളാഴ്ച രാവിലെ യൂസഫിന്റെ സഹോദരനും ബന്ധുക്കളുമെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ജൂലൈ 27ന് മീറ്റ്നയിലെ തടയണക്കു സമീപം മീൻ പിടിക്കുന്നതിനിടെ കാൽ വഴുതി കുത്തൊഴുക്കിൽ വീണെന്നാണ് നിഗമനം. അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും പാലക്കാടുനിന്ന് സ്കൂബ ഡൈവിങ് സംഘവും ചേർന്ന് മീറ്റ്ന തടയണ മുതൽ ഷൊർണൂർ വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അഞ്ചാം ദിവസമായ വ്യാഴാഴ്ച ഡ്രോൺ സംവിധാനമുപയോഗിച്ച് നടത്തിയ തിരച്ചിലും വിഫലമായതോടെ ഉദ്യമം അവസാനിപ്പിക്കുകയായിരുന്നു. ഞായറാഴ്ച കൂടല്ലൂർ ജാറം കടവിൽ മൃതദേഹം നാട്ടുകാർ കണ്ടെത്തി പൊലീസിൽ അറിയിക്കുകയായിരുന്നു. തൃത്താല പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയ മൃതദേഹം ഈസ്റ്റ് ഒറ്റപ്പാലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: കദീജ. മക്കൾ: ജാസ്മിൻ, ജസീന, തസ്നി. മരുമക്കൾ: സക്കരിയ, ഷക്കീർ, മൊയ്തീൻ. സഹോദരൻ: ഇസ്മായിൽ.