മഞ്ചേരി: തൃക്കലങ്ങോട് കാരക്കുന്നിൽ രണ്ട് ഓട്ടോകളും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ എടവണ്ണ കല്ലിടുമ്പിലെ എകരത്ത് ഹക്കീമിന്റെ മകൻ ശുഹൈബാണ് (സദ്ദാം -35) മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് അപകടം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരിക്കും പരിക്കേറ്റു.
ശുഹൈബ് മഞ്ചേരി ഭാഗത്തുനിന്ന് എടവണ്ണയിലേക്ക് മടങ്ങുമ്പോഴാണ് അപകടം. നാട്ടുകാർ ഉടൻ മഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കല്ലിടുമ്പ് ജുമാ മസ്ജിദിൽ ഖബറടക്കി.
മാതാവ്: വല്ലാഞ്ചിറ ആയിശ (മഞ്ചേരി). സഹോദരങ്ങൾ: അയ്യൂബ് (ദുബൈ), സുനിത (മമ്പാട്), സബിത (ചുങ്കത്തറ).