പരിയാരം: ശ്രീസ്ഥ ജ്യോതിര്‍ഗിരി ആശ്രമ സ്ഥാപക ബ്രിജിറ്റൈന്‍ കോണ്‍വെന്റില്‍ സിസ്റ്റര്‍ അമല്‍ ജ്യോതി പൈനാടത്ത് (81) നിര്യാതയായി. 1970കളിൽ ബെനടിക്റ്റന്‍ സഭയില്‍ ചേര്‍ന്നു. പരിയാരം ശ്രീസ്ഥയില്‍ ആശ്രമം സ്ഥാപിച്ചു. മാട്ടൂല്‍, തൃക്കരിപ്പൂര്‍, മേപ്പാടി, വൈത്തിരി, എറണാകുളം മഞ്ഞുമ്മല്‍ എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു.
ഇന്ത്യയിലും വിദേശത്തും യോഗ പരിശീലിപ്പിച്ചു. യോഗയെ കുറിച്ച് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അങ്കമാലി കറുകുറ്റിയില്‍നിന്ന് വയനാട്ടിലേക്ക് കുടിയേറിയ പരേതരായ പൈനാടത്ത് ഇട്ടി മാണിയുടെയും ചക്കാലക്കല്‍ മറിയത്തിന്റെയും മകളാണ്. സഹോദരങ്ങള്‍: അന്തോണി, വര്‍ഗീസ്, അന്നമ്മ, പരേതരായ ഔസേപ്പ്, റോസ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് ശ്രീസ്ഥ സെന്റ് ആന്റണിസ് ഇടവക ദേവാലയ സെമിത്തേരിയില്‍.