മലപ്പുറം: കൂട്ടിലങ്ങാടി പാലത്തിൽനിന്ന് കടലുണ്ടി പുഴയിലേക്കു ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരുവള്ളൂർ ഒളകര സ്വദേശികളും കുന്നുമ്മൽ ഡി.പി.ഒ റോഡിലെ വാടകക്ക് താമസിക്കുന്നവരുമായ കളരിക്കൽ വീട്ടിൽ എം.കെ. മധുസൂദനൻ-ബിന്ദ്യ ദമ്പതികളുടെ മകൾ ദേവനന്ദനയുടെ (21) മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 8.45ഓടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിലായിരുന്നു സംഭവം. പരുവമണ്ണ തൂക്കുപാലത്തിനു താഴെ പമ്പ് ഹൗസിന്റെ സമീപത്തുനിന്നാണ് മൃതദേഹം ലഭിച്ചത്.
ഇതുവഴി പോയ ബൈക്ക് യാത്രികനാണ് പാലത്തിന്റെ കൈവരിയിൽ പെൺകുട്ടി ഇരിക്കുന്നത് കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നത് എന്ന് ചോദിച്ചപ്പോഴേക്ക് പെൺകുട്ടി പുഴയിലേക്കു ചാടിയെന്ന് ദൃക്സാക്ഷി പൊലീസിനോട് പറഞ്ഞു. തുടർന്ന് രാത്രിയിൽ അഗ്നിരക്ഷാസേന, പൊലീസ്, ട്രോമാ കെയർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ പുഴയിൽ ഇറങ്ങി പരിശോധന നടത്തിയിരുന്നു. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരങ്ങൾ: ദേവാങ്കന, ദേവരാഗ്.