പുതുപ്പരിയാരം: യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതുപ്പരിയാരം പൂച്ചിറ അനൂപിന്റെ ഭാര്യ മീരയെ (29) ആണ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മാട്ടമന്ത ചൊളോട് സുശീലയുടെ മകളാണ്. ഒരു വർഷം മുമ്പാണ് മീരയും അനൂപും വിവാഹിതരായത്. ദമ്പതികൾ തമ്മിൽ കഴിഞ്ഞ ദിവസം രാത്രി വഴക്കിട്ടിരുന്നു.
തുടർന്ന് സ്വന്തം വീട്ടിലേക്ക് പിണങ്ങിപ്പോയ മീരയെ ഭർത്താവ് രാത്രി 11 മണിയോടെ പുതുപ്പരിയാരത്തെ വീട്ടിലേക്ക് തിരിച്ച് കൂട്ടിക്കൊണ്ടുവന്നു. ബുധനാഴ്ച പുലർച്ചെയാണ് മരിച്ചനിലയിൽ കണ്ടത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ ഹേമാംബിക നഗർ പൊലീസിന് മൊഴി നൽകി. മീരയെ ഭർത്താവ് ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
മീരയുടെ ആദ്യ വിവാഹത്തിൽ 12കാരി മകളുണ്ട്. സൗഹൃദത്തിലായിരുന്ന അനൂപും മീരയും പരസ്പരം ഇഷ്ടപ്രകാരമാണ് വിവാഹിതരായത്. ഹേമാംബിക നഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.