കുറ്റിപ്പുറം: തവനൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥനെ മരിച്ചനിലയിൽ കണ്ടെത്തി. അസി. പ്രിസൺ ഓഫിസർ പാലക്കാട് ചിറ്റൂർ പുതുനഗരം സ്വദേശി പൂന്തോണിയിൽ ശാഹുൽ ഹമീദിന്റെ മകൻ എസ്. ബർഷത്തിനെയാണ് (29) വ്യാഴാഴ്ച രാവിലെ ജയിലിന് സമീപത്തെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴു മാസം മുമ്പാണ് തവനൂരിലേക്ക് സ്ഥലംമാറിയെത്തിയത്.
വ്യാഴാഴ്ച പകൽ ഡ്യൂട്ടിയായിരുന്നു. ഇതിനുശേഷം ജയിലിന് സമീപത്തുള്ള ക്വാർട്ടേഴ്സിലേക്ക് പോകുകയായിരുന്നു. വ്യാഴാഴ്ച പുലർച്ച ഒരുമണിയോടെ സഹോദരന് വാട്സ്ആപ്പിൽ മെസേജ് അയച്ചിരുന്നു. സഹോദരൻ രാവിലെ ഫോൺ നോക്കിയപ്പോഴാണ് മെസേജ് കാണുന്നതും, തുടർന്ന് ജയിൽ ജീവനക്കാരെ വിവരമറിയിക്കുന്നത്. മാതാവ്: ഫസീല. സഹോദരങ്ങൾ: ഫിറോസ്, ഫൗസിയ, ദൃശ്യ. തിരൂർ ഡിവൈ.എസ്.പി എ.ജെ. ജോൺസണിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി.