അലനല്ലൂർ: റോഡിന് കുറുകെ ചാടിയ നായ് ബൈക്കിലിടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മലപ്പുറം മേലാറ്റൂർ കിഴക്കുംപാടം കട്ടിലശ്ശേരി ഉമ്മറിന്റെ ഭാര്യ സലീനയാണ് (40) മരിച്ചത്. കുമരംപുത്തൂർ ഒലിപ്പുഴ സംസ്ഥാനപാതയിൽ അലനല്ലൂർ സ്കൂൾപടിയിൽ വ്യാഴാഴ്ച രാത്രി 10.45നായിരുന്നു അപകടം.
മണ്ണാർക്കാട് ഭാഗത്തുനിന്ന് മേലാറ്റൂർ ഭാഗത്തേക്കു വരുകയായിരുന്നു ബൈക്ക്. മകൻ മുഹമ്മദ് ഷമ്മാസ് ഹുദവിയായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സലീന ഹെൽമറ്റ് ധരിച്ചിട്ടും തലക്ക് ഗുരുതര പരിക്ക് കാരണം തലച്ചോറിന് ഇളക്കംപറ്റിയതാണ് മരണകാരണം. മറ്റു മക്കൾ: ഷംസാദ് അബ്ദുല്ല, ഷാൻ അഹമ്മദ്. പിതാവ്: പരേതനായ പച്ചീരി ഉസ്മാൻ (വെട്ടത്തൂർ). സഹോദരങ്ങൾ: സൈനുദ്ദീൻ, ഹാശിം, മുഹമ്മദലി ആശിഫ്, കൗലത്ത്, ജുബ്ന, സൂഫി, ആസ്യ.