ചിറ്റൂർ: കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു. മധുര ആണ്ടാൾപുരം അഗ്രിനി നഗർ സ്വദേശി ശിൽവ രാജിന്റെ മകൻ ഡോ. പ്രവീൺകുമാറാണ് (41) മരിച്ചത്. ഡോ. പ്രവീൺകുമാർ മധുരൈ കാമരാജ് സർവകലാശാലയിലെ ടൂറിസം ആൻഡ് ഹോട്ടൽ മാനേജ്മെൻറ് വകുപ്പ് അധ്യക്ഷനാണ്.
ചിറ്റൂരിൽനിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെ.എ.സ്.ആർ.ടി.സി ബസുമായാണ് കൂട്ടിയിടിച്ചത്. ഗുരുവായൂരിൽനിന്ന് മടങ്ങുകയായിരുന്നു ഡോക്ടറും സുഹൃത്തും. കഴിഞ്ഞദിവസം രാവിലെ പാലക്കാട്-പൊള്ളാച്ചി അന്തർസംസ്ഥാനപാതയിലെ കൊഴിഞ്ഞാമ്പാറയിലാണ് അപകടമുണ്ടായത്. ഉടൻതന്നെ നാട്ടുകാർ ഇവരെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പ്രവീൺകുമാർ മരിച്ചു. കൂടെ യാത്രചെയ്ത ചെല്ലവേലു (33) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പിറന്നാൾ ദിനത്തിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് പുലർച്ച മടങ്ങുമ്പോഴാണ് അപകടം കൊഴിഞ്ഞാമ്പാറ പൊലീസ് തുടർനടപടി സ്വീകരിച്ചു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: രാജേശ്വരി. ഭാര്യ: മധുമിത. മകൾ: സ്വാതികാശ്രീ. സഹോദരി: കവിത.