കൊടുങ്ങല്ലൂർ: മെഡികെയർ ഹോസ്പിറ്റൽ സൂപ്രണ്ട് പടിയത്ത് മണപ്പാട്ട് ഡോ. മുഹമ്മദ് സെയ്ദിന്റെയും കിഴക്കേവീട്ടിൽ സെയ്നബിന്റെയും മകൾ ഡോ. ഷബാന സെയ്ദ് (50) നിര്യാതയായി. നോർവേയിൽ ക്ലിനിക്കൽ എബ്രിയോളജിസ്റ്റും ലാബ് ഡയറകടറുമായിരുന്നു.
അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. രോഗത്തോട് പോരാടുന്നതിനിടയിൽ കഴിഞ്ഞവർഷം ഡോക്ടറേറ്റ് നേടിയിരുന്നു. നോർവേയിലെ ഓസ്ലോ യൂനിവേഴ്സിറ്റിയിൽ നിന്നാണ് എബ്രിയോളജിയിൽ പിഎച്ച്.ഡി കരസ്ഥമാക്കിയത്.
1995ൽ എം.ജി യൂനിവേഴ്സിറ്റി ബി.എസ് സി സുവോളജിയിൽ ഒന്നാം റാങ്കുകാരിയാണ്. തുടർന്ന് എം.എസ് സി ബയോടെക്നോളജിയിലും ഒന്നാംറാങ്ക് സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയയിലെ മൊണാഷ് യൂനിവേഴ്സിറ്റിയിൽനിന്ന് ക്ലിനിക്കൽ എബ്രിയോളജിയിൽ രണ്ടാം ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
മകൾ: ഡോ. റിയ സെയ്നബ് സെയ്ദ്. സഹോദരങ്ങൾ: ഡോ. ഫാത്തിമ ഷിഹാബ് (അബൂദബി), ഐഷ മുസ്തഫ (അജ്മാൻ), ഫർസാന സെയ്ദ് സെമീർ, സൊഹേബ് റഹിമാൻ (യു.എസ്.എ). ഖബറടക്കം ചൊവ്വാഴ്ച നോർവെയിൽ നടക്കും.