കോഴിക്കോട്: പ്രമുഖ ബിൽഡറും ക്രെഡായി കോഴിക്കോട് ചാപ്റ്റർ പ്രസിഡന്റുമായ കെ.ജി. സുഭാഷ് (59) വിയറ്റ്നാമിൽ കുഴഞ്ഞുവീണു മരിച്ചു. സിങ്കപ്പൂരിൽ ക്രെഡായി നാഷനൽ മീറ്റ് (നാറ്റ് കോൺ) കഴിഞ്ഞ് വിയറ്റ്നാമിൽ കുടുംബത്തോടൊപ്പം ചെലവഴിക്കാനെത്തിയതായിരുന്നു. ഞായറാഴ്ച ഹോട്ടലിൽ എത്തിയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കോൺഫറൻസ് കഴിഞ്ഞ് മറ്റ് അംഗങ്ങൾ പലരും കേരളത്തിലേക്ക് തിരിച്ചെങ്കിലും കുടുംബത്തോടൊപ്പം യാത്ര നടത്താൻ വേണ്ടിയാണ് സുഭാഷ് വിയറ്റ്നാമിലേക്ക് പോയത്. ചെറൂട്ടി നഗർ കോളനിയിലെ ‘ശാന്തി’യിലാണ് താമസം. ഗുഡ് എർത്ത് മാനേജിങ് ഡയറക്ടറും ഫ്ലെമിംഗോ റസ്റ്റാറന്റ് ഗ്രൂപ് ഡയറക്ടറുമാണ്. കാലിക്കറ്റ് ഇന്നവേഷൻ ടെക്നോളജി ഇനീഷ്യേറ്റീവ് കോർ കമ്മിറ്റി അംഗമാണ്. കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷനിലും അംഗമായിരുന്നു. പരേതനായ കെ. ഗോവിന്ദന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ: ഡോ. റെയ്ന സുഭാഷ്. മക്കൾ: വരുൺ സുഭാഷ് (എൻജിനീയർ ഹൈദരാബാദ്), അമൻ സുഭാഷ് (എൻജിനീയർ കോയമ്പത്തൂർ). സഹോദരങ്ങൾ: പ്രകാശ് (യു.എസ്.എ), പരേതനായ വികാസ്. മൃതദേഹം നാട്ടിൽ എത്തിക്കും.