ചെന്ത്രാപ്പിന്നി: ദേശീയപാത 66 ചെന്ത്രാപ്പിന്നിയിൽ ടിപ്പർ ലോറിയിടിച്ച് ഇലക്ട്രിക് സ്കൂട്ടർ യാത്രികനായ വ്യാപാരി മരിച്ചു. കാളമുറിയിലെ സി.ജെ. ആൻഡ് കമ്പനി ബെഡ് എംബോറിയം ഉടമ കയ്പമംഗലം ബോർഡിനു കിഴക്ക് താമസിക്കുന്ന ചൂലുക്കാരൻ സെയ്തുമുഹമ്മദ് (89) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 ഓടെയായിരുന്നു അപകടം.
സെയ്തുമുഹമ്മദ് സഞ്ചരിച്ച സ്കൂട്ടറിന് പിറകിൽ ടിപ്പർ ലോറിയിടിക്കുകയായിരുന്നു. തെറിച്ച് റോഡിലേക്ക് വീണ ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ ടിപ്പർ ലോറി കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ആക്ട്സ് പ്രവർത്തകർ ഉടൻ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദേശീയപാത നിർമാണ കമ്പനിയുടെ ലോറിയാണ് അപകടമുണ്ടാക്കിയത്. അമ്പത് വർഷത്തിലധികമായി കാളമുറിയിലെ വ്യാപാരിയാണ് സി.ജെ. സെയ്തുമുഹമ്മദ്. കയ്പമംഗലം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
ഭാര്യ: ബീവാത്തു. മക്കള്‍: അഷ്റഫ്, റഷീദ, ഷക്കീല, സെറീന. മരുമക്കള്‍: ജീജ, നാസർ, ബീരാന്, ഉബൈദ്.