വളാഞ്ചേരി: വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കൊട്ടാരം ഇഖ്റഅ സ്കൂളിനു സമീപം വാലിയിൽ അബ്ദുല്ലയാണ് (62) മരിച്ചത്. വീട്ടിൽ നടത്തുന്ന ചടങ്ങിന് അറവിന് എത്തിച്ചതായിരുന്നു പോത്തിനെ. അറുക്കാനുള്ള ശ്രമത്തിനിടെ പോത്ത് വിരണ്ടോടുകയായിരുന്നു. അതിനിടെ അബ്ദുല്ലക്ക് പോത്തിന്റെ ആക്രമണത്തിൽ പരിക്കേൽക്കുകയായിരുന്നു. സ്ത്രീയുൾപ്പെടെ മറ്റു നാലു പേർക്കും പരിക്കേറ്റിരുന്നു. സെപ്റ്റംബർ 13നായിരുന്നു അപകടം. സാരമായി പരിക്കേറ്റ അബ്ദുല്ലയെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: ആമിന. മക്കൾ: അൻസാർ, ഫാരിസ്, അബൂബക്കർ സിദ്ദീഖ്, ഹസ്ന, റിൻഷ. മരുമക്കൾ: സാലിഹ്, ഹസൻ, റഹീമ.