അലനല്ലൂർ: കോട്ടോപ്പാടം കച്ചേരിപ്പടിയിൽ കിണറ്റിൽ വീണ് പിഞ്ചുബാലൻ മരിച്ചു. നൊട്ടൻകണ്ടൻ മുഹമ്മദ് ഫാസിലിന്റെ മകൻ ഏദൻ (രണ്ട്) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് അപകടം.
കുട്ടിയെ കാണാത്തതിനാൽ മാതാവ് തിരയുന്നതിനിടയിലാണ് കിണറിന്റെ വല താഴ്ന്നുകിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. കിണറ്റിലേക്ക് നോക്കിയപ്പോൾ കുട്ടി വെള്ളത്തിൽ പൊന്തി നിൽക്കുന്നത് കണ്ടു. ഉടൻ കിണറ്റിലേക്ക് ചാടി കുട്ടിയെ എടുത്ത് കിണറ്റിലെ പമ്പ് സെറ്റിന്റെ കുഴലിൽ പിടിച്ചുനിന്നു. നാട്ടുകാർ മാതാവിനെയും കുഞ്ഞിനെയും പുറത്തെടുത്തു. ആദ്യം തിരുവിഴാംകുന്നിലെ ക്ലിനിക്കിലും തുടർന്ന് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടി അപ്പോഴേക്കും മരിച്ചിരുന്നു. മാതാവിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷക്കുശേഷം ഡിസ്ചാർജ് ചെയ്തു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച കച്ചേരിപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: ഡോ. മുഫീദ അലനല്ലൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് ജോലി ചെയ്യുന്നത്. പിതാവ് മുംബൈയിൽ നേവി ഉദ്യോഗസ്ഥനാണ്.