കടപ്പുറം: വട്ടേക്കാടുനിന്ന് കാണാതായ വിദ്യാർഥിയുടെ മൃതദേഹം ഒരുമനയൂർ തെക്കേതല മഹല്ല് പള്ളിക്കുളത്തിൽ കണ്ടെത്തി. വട്ടേക്കാട് കണ്ടാരശ്ശേരി വീട്ടിൽ സുബൈറിന്റെ മകൻ മുഹമ്മദ് റസൽ (15) ആണ് മരിച്ചത്.
തൃത്തല്ലൂർ കമല നെഹ്റു സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ റസലിനെ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് കാണാതാവുകയായിരുന്നു. പള്ളിക്കുളത്തിന്റെ കരയിൽ ചെരിപ്പും വസ്ത്രവും കണ്ടതോടെ പൊലീസ് പള്ളിയിലെ സി.സി.ടി.വി പരിശോധിച്ചു.
വൈകുന്നേരം അഞ്ചരയോടെ രണ്ടു കുട്ടികൾ കുളത്തിൽ ഇറങ്ങുന്നതായി ദൃശ്യങ്ങളിൽ കണ്ടെത്തി. കുളത്തിൽ നീന്തിക്കളിച്ചശേഷം റസൽ കരക്കുകയറുന്നതും കൂട്ടുകാരനെ കാണാത്തതിനെ തുടർന്ന് വീണ്ടും കുളത്തിലേക്ക് ഇറങ്ങുന്നതും കാണുന്നുണ്ട്.
പിന്നീട് കൂട്ടുകാരൻ കരക്കുകയറി ധിറുതിയിൽ പോകുന്നതാണ് കാണുന്നത്. രണ്ടു പേരിൽ ഒരാൾ മാത്രം പോകുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ.
ഉടൻ പൊലീസ് ഗുരുവായൂർ അഗ്നിരക്ഷാസേനയിൽ വിവരമറിയിക്കുകയും ബുധനാഴ്ച പുലർച്ച ഒന്നരയോടെ മുഹമ്മദ് റസലിന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തുകയുമായിരുന്നു. റസൽ കുളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് പേടിച്ച കൂട്ടുകാരൻ വീട്ടിലെത്തി ആരോടും പറയാതെ ഭയന്ന് കഴിയുകയായിരുന്നു.
പൊലീസ് നടപടികൾക്കുശേഷം വട്ടേക്കാട് മഹല്ല് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടത്തി. മാതാവ്: റംഷി. സഹോദരൻ: സഹൽ.