മുണ്ടൂർ: ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പുതുനഗരം എൻ.കെ.കെ. വീട്ടിൽ നിജാമുദ്ദീൻ-സാബിറ ദമ്പതികളുടെ മകൻ കമാലുദ്ദീൻ (26) ആണ് മരിച്ചത്. പാലക്കാട്-കോഴിക്കോട് ദേശീയപാത മുണ്ടൂരിൽ വ്യാഴാഴ്ച രാത്രി 11.05ഓടെയാണ് സംഭവം. സാരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
കമാലുദ്ദീൻ പാലക്കാട് കുന്നത്തൂർ മേടിൽ സൈത്തൂൻ കസ്റ്റാഡ് എന്ന കട നടത്തിവരുകയായിരുന്നു. അവിവാഹിതനാണ്.
പെരിന്തൽമണ്ണയിൽ പുതിയ കട തുടങ്ങാനുള്ള പണി ആരംഭിച്ച സ്ഥലത്ത് പോയി വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് അത്യാഹിതം. കോങ്ങാട് പൊലീസ് മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ചു. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. മരിച്ച കമാലുദ്ദീന്റെ സഹോദരൻ: നിയാദ്.