ചാലക്കുടി: വിനോദയാത്രക്കിടെ തായ്ലൻഡിൽ മുങ്ങിമരിച്ച യുവഡോക്ടറുടെ സംസ്കാരം ശനിയാഴ്ച നടക്കും. ചാലക്കുടി പോട്ട തച്ചുടപ്പറമ്പ് മുണ്ടക്കത്തു പറമ്പിൽ വീട്ടിൽ സദാനന്ദന്റെ മകൻ ഡോ. രാഹുലൻ (37) ആണ് മുങ്ങിമരിച്ചത്. ട്രിച്ചി റെയിൽവേ ഡിവിഷനൽ ആശുപത്രിയിൽ മെഡിക്കൽ ഓഫിസറായി ജോലി ചെയ്യുന്ന ഡോ. രാഹുലൻ ഭാര്യ
ഡോ. ബേബി മിനുവുമൊത്ത് ഒരാഴ്ചത്തെ വിനോദയാത്രക്കായി ഈ മാസം 12നാണ് തായ്ലൻഡിലെത്തിയത്. പിറ്റേന്ന് വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനിടെ ഉച്ചഭക്ഷണത്തിനുശേഷം കടലിലെ ആഴമില്ലാത്ത ഭാഗത്ത് നീന്താനിറങ്ങിയ രാഹുലൻ മുങ്ങിത്താഴുകയായിരുന്നു. ഉടൻ തൊട്ടടുത്ത ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്കുശേഷം സ്പെഷാലിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി എട്ടോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത തായ് പൊലീസ് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് മൃതദേഹം കൈമാറി.
വെള്ളിയാഴ്ച രാത്രിയോടെ മൃതദേഹം ചാലക്കുടിയിലെ വീട്ടിലെത്തിച്ച് ശനിയാഴ്ച ഉച്ചക്ക് ഒന്നിന് ചാലക്കുടി നഗരസഭ ക്രിമറ്റോറിയത്തിൽ സംസ്കാരം നടത്തും. മാതാവ്: സരള (റിട്ട. പ്രധാനാധ്യാപിക, വി.ആർ.പുരം സ്കൂൾ). സഹോദരൻ: ശരത്ത് (എൻജിനീയർ, ആസ്ട്രേലിയ).