കോങ്ങാട്: ജീപ്പിടിച്ച് വഴിയാത്രക്കാരി മരിച്ചു. കോങ്ങാട് ചെറായ വെള്ളാരം കല്ലിങ്ങൽ സിദ്ദീഖിന്റെ ഭാര്യ ബീവാത്തിമ്മയാണ് (55) മരിച്ചത്. മുണ്ടൂർ-തൂത സംസ്ഥാനപാതയിൽ കോങ്ങാട് സ്വീഡ് ഫാമിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ചെർപ്പുളശ്ശേരി ഭാഗത്തുനിന്ന് വന്ന ജീപ്പിടിച്ചാണ് അപകടം. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. സി.എം.സി സെൻററിൽ മത പ്രഭാഷണം കേട്ട് വീട്ടിലേക്ക് ബസിറങ്ങി വരുന്ന വഴിയിലാണ് അത്യാഹിതം. സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം കോങ്ങാട് പൊലീസ് സ്ഥലത്തെത്തി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. തുടർന്ന് വെള്ളാരം കല്ലിങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മക്കൾ: ഫസലുദ്ദീൻ, ഫൗസിയ, ഫസലിയ്യ. മരുമകൾ: സീനത്ത്.