കാസർകോട്: കോളജ് പ്രിൻസിപ്പലും കോളജ് വിദ്യാഭ്യാസ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറും പരിസ്ഥിതി, ഭൗമശാസ്ത്ര വിദഗ്ധനുമായിരുന്ന കാസർകോട് ചിന്മയയിലെ പ്രഫ. വി. ഗോപിനാഥൻ (71) നിര്യാതനായി. കാസർകോട് ട്രാവൽ ക്ലബിന്റെ മലപ്പുറം ജില്ല പഠനയാത്രക്ക് നേതൃത്വം നൽകവേ ഹൃദയാഘാതത്തെതുടർന്ന് നിലമ്പൂരിലാണ് അന്ത്യം. ചൊവ്വാഴ്ച അർധരാത്രിയോടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ട അദ്ദേഹത്തെ വണ്ടൂരിലെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഉച്ചക്ക് 12ന് കാസർകോട് ഗവ. കോളജിലും രണ്ടിന് ഉദയഗിരി ലയൺസ് ക്ലബ് ഹാളിലും പൊതുദർശനത്തിനുവെച്ചശേഷം മൂന്നിന് വിദ്യാനഗർ ചിന്മയയിലെ വസതിയായ ശ്രീരാഗത്തിൽ കൊണ്ടുവരും. കാസർകോട് ഗവ. കോളജിൽനിന്ന് ജിയോളജിയിൽ മാസ്റ്റർ ബിരുദം നേടിയശേഷം ഇവിടെ തന്നെ അധ്യാപകനായി. ജിയോളജി വകുപ്പ് തലവൻ, പ്രിൻസിപ്പൽ എന്നീനിലകളിൽ കാൽനൂറ്റാണ്ട് പ്രവർത്തിച്ചു.
തുടർന്ന് കോളജ് വിദ്യാഭ്യാസവകുപ്പ് ഉപഡയറക്ടറായി ചുമതലയേറ്റു. വിരമിച്ചശേഷം മടിക്കൈ ഐ.എച്ച്.ആർ.ഡി കോളജിലും കാസർകോട് ത്രിവേണി കോളജിലും പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു. സംസ്ഥാന ശാസ്ത്ര-സാങ്കേതിക വകുപ്പിന് കീഴിലുള്ള വിദഗ്ധസമിതിയിൽ അംഗമായിരുന്ന ഗോപിനാഥൻ നിരവധി പരിസ്ഥിതി പഠന റിപ്പോർട്ടുകൾ സർക്കാറിന് സമർപ്പിച്ച സംഘത്തിൽ അംഗമായിരുന്നു. കാസർകോട് പീപിൾസ് ഫോറം, ലയൺസ് ക്ലബ്, ചിന്മയ റെസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ പ്രസിഡന്റായിരുന്നു. കാസർകോട് ട്രാവൽ ക്ലബ് ചീഫ് ടൂർ അഡ്വൈസറും ചീഫ് പാട്രണുമായിരുന്നു.
കാസർകോട്ടെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. സാന്ത്വന ചികിത്സാരംഗത്തും സജീവമായിരുന്നു. കാഞ്ഞങ്ങാട്ടെ പരേതരായ ഗോവിന്ദൻ-ജാനകി ദമ്പതികളുടെ മകനാണ്.
ഭാര്യ: കെ. ശ്രീമതിക്കുട്ടി (കാസർകോട് ഗവ. കോളജ് മുൻ പ്രിൻസിപ്പൽ). മക്കൾ: കെ. ശ്രുതി (സോഫ്റ്റ് വെയർ എൻജിനീയർ, ഡേറ്റ അനലിസ്റ്റ്, യു.എസ്.എ), ഡോ. കെ. ശ്വേത (നേത്രരോഗ വിദഗ്ധ, ജ്യോതിസ് ഐ കെയർ, കണ്ണൂർ). മരുമക്കൾ: വി.ടി. മനോജ് (ജിയോളജിസ്റ്റ്, യു.എസ്.എ), ഡോ. ടി.വി. പ്രസാദ് (റേഡിയോളജിസ്റ്റ്, കിംസ് ശ്രീചന്ദ് ഹോസ്പിറ്റൽ, കണ്ണൂർ).
സഹോദരങ്ങൾ: ചന്ദ്രിക, നളിനി, ഇന്ദിര, ശോഭന, ശ്യാമള, സുധ. മൃതദേഹം ബുധനാഴ്ച ഉച്ചക്ക് കാസർകോട് ചെങ്കളയിലെ ഇ.കെ. നായനാർ ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച പൊതുദർശനത്തിനുശേഷം മൃതദേഹം വൈകീട്ട് 5.30ന് പാറക്കട്ട പൊതുശ്മശാനത്തിൽ സംസ്കരിക്കും.