ഒറ്റപ്പാലം: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പേരൂർ പെരുമ്പറമ്പ് മഠത്തും പടിക്കൽ വീട്ടിൽ വിജയൻ (52) ആണ് മരിച്ചത്. പാലക്കാട്-കുളപ്പുള്ളി പാതയിൽ പത്തൊമ്പതാം മൈലിൽ കഴിഞ്ഞ ദിവസം രാത്രി ഒമ്പതേകാലോടെയാണ് അപകടം.
പാലക്കാട് ഭാഗത്തുനിന്നു വരുകയായിരുന്ന കാറും ഒറ്റപ്പാലത്ത് ചായക്കട അടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന വിജയൻ സഞ്ചരിച്ച സ്കൂട്ടിയും തമ്മിലാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ വിജയനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്കൂട്ടർ പൂർണമായും തകർന്നു. കാറിന്റെ മുൻവശവും സാരമായി തകർന്നിട്ടുണ്ട്.