കയ്പമംഗലം: ദേശീയപാത 66 പനമ്പിക്കുന്നിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. കയ്പമംഗലം കൊപ്രക്കളം സ്വദേശി മാമ്പറമ്പത്ത് സന്തോഷിന്റെ മകൻ രാഹുൽ (27) ആണ് മരിച്ചത്. മുന്നിൽ പോയ കാറിൽ തട്ടിയതോടെ ബൈക്കിൽനിന്ന് റോഡിലേക്ക് തെറിച്ച് വീണ രാഹുലിന്റെ ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങുകയായിരുന്നു. ശനിയാഴ്ച രാത്രി 11.30ഓടെ കയ്പമംഗലം പനമ്പിക്കുന്ന് പഴയ പോസ്റ്റ് ഓഫിസിനടുത്തായിരുന്നു അപകടം. ഉടൻ ലൈഫ് ലൈൻ ആംബുലൻസ് പ്രവർത്തകരെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദേശത്തായിരുന്ന രാഹുൽ നാല് മാസം മുമ്പാണ് നാട്ടിലെത്തിയത്. മാതാവ്: മിനി. സഹോദരൻ: സ്നേഹൽ.