തേഞ്ഞിപ്പലം: കാറിന് തീപിടിച്ച് ഗുരുതര പൊള്ളലേറ്റ് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തേഞ്ഞിപ്പലം ചെനക്കലങ്ങാടി പള്ളിപ്പടി സ്വദേശി ഹൈപ്പർ മാർട്ട് ഉടമ ചെനക്കലങ്ങാടി പൊറോളി അബ്ദുല്ലയുടെ മകനും ദുബൈയിൽ ബിസിനസുകാരനുമായ ആദിൽ ആരിഫ് ഖാൻ (29) ആണ് ചൊവ്വാഴ്ച പുലർച്ചെ മരിച്ചത്. ഒക്ടോബർ 21ന് രാത്രി 11.45നായിരുന്നു അപകടം.
വീടിന്റെ ഗേറ്റിലെത്തിയ ഉടൻ കാർ ഓഫാകുകയും വീണ്ടും സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തതിനു പിന്നാലെ എൻജിന്റെ ഭാഗത്തുനിന്ന് തീയും പുകയും പടരുകയുമായിരുന്നു. കാറിൽ അകപ്പെട്ട ആദിൽ ഒരുവിധം വാതിൽ തുറന്ന് പുറത്തുകടന്നപ്പോഴേക്കും ദേഹമാസകലം പൊള്ളലേറ്റിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരുമാണ് തീയണച്ചത്. ഗുരുതര പരിക്കേറ്റ ആദിലിനെ ഉടൻ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി ഡൽഹിയിലെ എയിംസിലേക്ക് മാറ്റുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാർ പൂർണമായും കത്തിനശിച്ചിരുന്നു. ദുബൈയിൽനിന്ന് ആദിൽ ഒന്നര മാസം മുമ്പാണ് നാട്ടിലെത്തിയത്. വൈകാതെ മടങ്ങാനിരിക്കെയായിരുന്നു അപകടം. മാതാവ്: വി.സി. സുബൈദ. ഭാര്യ: ഷംല. മകൻ: ആദിൽ എസ്ദാൻ ഖാൻ (രണ്ടു മാസം). സഹോദരങ്ങൾ: ഡോ. ദിക്റ ഖാൻ, മുറാദ്, റാസി, ഫാസി.