കാഞ്ഞാണി: ടെംപോ ട്രാവലർ ഉടമയെ പൊട്ടക്കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പാലാഴി ചാത്തൻകുളങ്ങര ക്ഷേത്രത്തിനടുത്ത് കർഷകറോഡിൽ കുറുവങ്ങാട്ടിൽ വിശ്വംഭരന്റെ മകൻ വിബിനാണ് (വാവ -30) മരിച്ചത്. മനക്കൊടി പാലക്കടവിനടുത്ത പൊട്ടക്കിണറ്റിൽ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
വിബിൻ വാഹനവുമായി അമ്മാവന്റെ വീടായ മനക്കൊടിയിലേക്ക് പോകാറുണ്ട്. ഓട്ടം കഴിഞ്ഞ് വ്യാഴാഴ്ച രാത്രി കൂട്ടുകാരന്റെ വീട്ടിലെത്തിയിരുന്നു. രാത്രി ഏറെ വൈകിയതോടെ ഒഴിഞ്ഞപറമ്പിൽ വാഹനം നിർത്തി വാഹനത്തിൽ കിടന്നുറങ്ങുകയായിരുന്നുവെന്ന് പറയുന്നു. കൂട്ടുകാർ രാവിലെ എഴുന്നേറ്റപ്പോൾ വിബിനെ  കാണാതായതോടെ നടത്തിയ തിരച്ചിലിൽ കാടുകയറിയ കിണറിന് സമീപത്തുനിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. തുടർന്ന് കിണറ്റിൽ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി വാഹനത്തിൽനിന്ന് എഴുന്നേറ്റ് പുറത്തിറങ്ങിയതോടെ ഇരുട്ടിൽ കിണർ കാണാതെ വീണതാകാമെന്നാണ് നിഗമനം. അഗ്നി രക്ഷാസേന പ്രവർത്തകർ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അന്തിക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. മാതാവ്: ഗീത. ഭാര്യ: അശ്വനി. മകൾ: തൃഷിക. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.