വൈക്കം: തോട്ടുവക്കത്ത് കാർ കനാലിൽ പതിച്ച് വാഹനം ഓടിച്ചിരുന്ന യുവ ഡോക്ടർ മുങ്ങി മരിച്ചു. കൊട്ടാരക്കര ചെങ്ങമനാട് റാസ ആരോമ ആശുപത്രിയിലെ കോസ്മറ്റോളജി വിഭാഗം ഡോക്ടറും  ഒറ്റപ്പാലം കണിയാംപുറം അനുഗ്രഹയിൽ ഷൺമുഖന്റെ മകനുമായ അമൽ സൂരജാണ് (33) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറോടെ വഴിയിലൂടെ പോയവരാണ് കാർ കെ.വി കനാലിൽ മുങ്ങിയ നിലയിൽ കണ്ടത്.   
പൊലീസ്, അഗ്നിരക്ഷാ സേന വിഭാഗങ്ങൾ എത്തി വാഹനം കരക്ക് കയറ്റി. അമലിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്തേക്ക് പോകുന്ന വഴിക്ക് വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ച പുലർച്ചയോ അപകടം നടന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. റോഡിൽ വെട്ടിയിട്ട തടിക്കഷണങ്ങളിൽ ഇടിച്ചശേഷമാണ് വാഹനം കനാലിൽ പതിച്ചതെന്ന് പൊലീസ് പറഞ്ഞു. അമലിന്റെ മാതാവ് അനിത. സഹോദരൻ: ഡോ. അരുൺ (ഓർത്തോ സർജൻ പരിയാരം മെഡിക്കൽ കോളജ്, കണ്ണൂർ).