കല്ലടിക്കോട്: തുപ്പനാട് പുഴയിൽ കുളിക്കാൻ പോയ യുവാവ് മുങ്ങി മരിച്ചു. കരിമ്പ തുപ്പ നാട് ഐരാനി സുബ്രഹ്മണ്യൻ-വത്സല ദമ്പതികളുടെ മകൻ ജ്യോതിഷ് (35) ആണ് മരിച്ചത്. മണ്ണാത്തിപ്പാറ കടവിലാണ് സംഭവം. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് യുവാവ് പുഴയിലിറങ്ങിയത്. അയൽക്കാരായ കുട്ടികളുമായി കുളിക്കാൻ പോയതായിരുന്നു.
കുടെയുണ്ടായിരുന്ന ഒരു കുട്ടി ഒഴികെ മറ്റെല്ലാവരും കുളിച്ച് വീട്ടിലേക്ക് മടങ്ങി. ഇയാളെ കാണാതായതോടെ ഈ കുട്ടി അടുത്ത കടവിൽ കുളിക്കാനെത്തിയവരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ജ്യോതിഷിനെ പുറത്തെടുത്ത് ഉടനെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആഴവും ഒഴുക്കുമുള്ള ഭാഗത്ത് ചുഴിയിൽപെട്ടതാവാം അപകടകാരണമെന്ന് കരുതുന്നു. മൃതദേഹം ജില്ല ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും. മരിച്ച ജ്യോതിഷ് കൂലി പണിക്കാരനാണ്. സഹോദരി: ജോഷില.