കാഞ്ഞിരപ്പുഴ: വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർഥി മരിച്ചു. പള്ളിക്കുറുപ്പ് പാറോപ്പാടം രാജേഷ്-ദിവ്യ ദമ്പതികളുടെ മകൻ ദിൽജിത്താണ് (17) മരിച്ചത്. കാഞ്ഞിരപ്പുഴ-ചിറക്കൽപ്പടി റോഡിൽ പാലമ്പട്ടയിൽ ബുധനാഴ്ച രാവിലെ 11.30ഓടെയാണ് അപകടം. ചിറക്കൽപ്പടി ഭാഗത്തുനിന്ന് കാഞ്ഞിരപ്പുഴയിലേക്കു വരുന്ന ബൈക്കും എതിരെ വന്ന വാനും കൂട്ടിയിടിച്ചാണ് അപകടം. പള്ളിക്കുറുപ്പ് ശബരി എച്ച്.എസ്.എസ് പ്ലസ് ടു കോമേഴ്സ് വിദ്യാർഥിയായ ദിൽജിത്തും സഹപാഠി മുഹമ്മദ് സിനാനും ബന്ധുവിന്റെ വീട്ടിലേക്ക് പോയതിനുശേഷം മണ്ണാർക്കാട്ടെ ഉപജില്ല സ്കൂൾ കലോത്സവത്തിൽ നാടൻപാട്ട് മത്സരത്തിൽ പങ്കെടുക്കാൻ പോകുന്ന വഴിയിലാണ് അത്യാഹിതം. മുഹമ്മദ് സിനാൻ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ദിൽജിത്തിനെ ആദ്യം തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലും പിന്നീട് മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം വ്യാഴാഴ്ച. സഹോദരൻ: ധ്രുവജിത്ത്.