പാലക്കാട്: ചലച്ചിത്ര-നാടക സംവിധായകനും അഭിനേതാവും നാടൻപാട്ട് കലാകാരനുമായ ശേഖരീപുരത്തെ സുന്ദരൻ കണ്ടത്ത് വീട് ആതിരയിൽ ശേഖരീപുരം മാധവൻ (57) നിര്യാതനായി. ജില്ലയിലെ നാടൻപാട്ട് കലാസംഘമായ കളിക്കൂട്ടത്തിന്റെ സാരഥിയായ ശേഖരീപുരം മാധവൻ പാലക്കാട്ടെ പ്രമുഖ സാംസ്കാരിക പ്രവർത്തകനാണ്. ജില്ലയിലെ നാടകപ്രവർത്തകരുടെ കൂട്ടായ്മയായ ടാപ് നാടകവേദി മലയാളത്തിൽ ആദ്യമായി അരങ്ങിലെത്തിച്ച ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’മെന്ന നോവലിന്റെ നാടകാവിഷ്കാരത്തിൽ അപ്പുക്കിളിയായും വി.ടി. ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്’ നാടകത്തിൽ ആഢ്യൻ നമ്പൂതിരിയായും മരിയോ ഫ്രെറ്റിയുടെ ചെഗുവേരയെന്ന നാടകത്തിൽ പട്ടാളക്കാരനായും ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ച ശേഖരീപുരം മാധവൻ ടാപ് നാടക വേദിയുടെ രംഗോത്സവത്തിൽ തുടർച്ചയായി 11 നാടകങ്ങളാണ് സംവിധാനം ചെയ്തത്. 1994ൽ ഏറെ വിവാദമായ എസ്. രമേശൻ നായരുടെ ശതാഭിഷേകമെന്ന റേഡിയോ നാടകത്തെ അടിസ്ഥാനമാക്കിയുള്ള ‘കിങ്ങിണിക്കുട്ടന്റെ ലോകം’ തെരുവുനാടകത്തിൽ കിങ്ങിണിക്കുട്ടനായി അഭിനയിച്ച അദ്ദേഹം തെരുവുനാടകങ്ങളിലും സജീവമായിരുന്നു. 1998ൽ കൽപാത്തി വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ ദക്ഷിണേന്ത്യയിലെ ഏറ്റവും തലയെടുപ്പുള്ള പുതിയ രഥത്തിന്റെ തച്ചുശാസ്ത്ര ഗണിതമനുസരിച്ചുള്ള നിർമാണത്തിൽ സജീവമായ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ‘നോക്കുകുത്തി’ ചിത്രത്തിലൂടെ ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ ഏപ്രിലിൽ കോങ്ങാട് നടന്ന സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നാടകമത്സരത്തിൽ ശേഖരീപുരം മാധവൻ സംവിധാനം ചെയ്ത പെൺ പൊറാട്ട് എന്ന നാടകം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നാടൻപാട്ട് ശാഖക്ക് നൽകിയ സമഗ്ര സംഭാവനക്കുള്ള ഡോ. ബി.ആർ. അംബേദ്കർ ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സി.പി.എം ഒലവക്കോട് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ബാലസംഘം പാലക്കാട് ഏരിയ കൺവീനറായ ശേഖരീപുരം മാധവൻ നാടക് ജില്ല ജോയന്റ് സെക്രട്ടറിയാണ്. ആദ്യകാല നാടക അഭിനേതാവായിരുന്ന പരേതനായ സുന്ദരം കണ്ടത്തിൽ സുബ്രഹ്മണ്യന്റെയും ജനകിയുടെയും മകനാണ്. ഭാര്യ: പുഷ്പ. മക്കൾ: വിവേക്, വിപിൻ, ആതിര. സഹോദരങ്ങൾ: കണ്ടമുത്തൻ, പരേതനായ കണ്ണപ്പൻ, ബാബു, വിജയ.