നിലമ്പൂർ: ആദിവാസി യുവാവിനെ ട്രെയിനിടിച്ച് മരിച്ചനിലയിൽ കണ്ടെത്തി. മുണ്ടേരി തണ്ടൻകല്ല് ഉന്നതിയിലെ ഗോപിയുടെയും ശാരദയുടെയും മകൻ മനുവാണ് (28) മരിച്ചത്. ടാക്സി ഡ്രൈവറാണ്. സംഭവവുമായി ബന്ധപ്പെട്ട് മനുവിന്റെ സുഹൃത്തുകൂടിയായ മുണ്ടേരി സംസ്ഥാന വിത്തു കൃഷിത്തോട്ടത്തിലെ ട്രാക്ടർ ഡ്രൈവർ ആലപ്പുഴ സ്വദേശി ഹരികൃഷ്ണനെ നിലമ്പൂർ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നതിങ്ങനെ. ഏഴിന് മനു, ഹരികൃഷ്ണൻ എന്നിവർ നന്നായി മദ്യപിച്ചു. തുടർന്ന് ഇരുവരും ഹരികൃഷ്ണന്റെ സ്വദേശമായ ആലപ്പുഴക്ക് പോകാൻ ഉച്ചക്ക് 3.10ന് നിലമ്പൂർ-കോട്ടയം എക്സ്പ്രസ് ട്രെയിനിൽ കയറി. യാത്രയ്ക്കിടെ വീണ്ടും മദ്യപിക്കണമെന്ന് തോന്നിയപ്പോൾ രണ്ടുപേരും മേലാറ്റൂരിൽ ഇറങ്ങി. ഓട്ടോ വിളിച്ചിട്ടും ആരും വന്നില്ല. തുടർന്ന് ഓട്ടോ വിളിച്ചുവരാമെന്ന് പറഞ്ഞ് മനു പോയി. പിന്നീട് മനുവിനെ കണ്ടിട്ടില്ലെന്നാണ് ഹരികൃഷ്ണൻ പൊലീസിന് നൽകിയ മൊഴി. മനുവിനെ തിരഞ്ഞ് ഹരികൃഷ്ണൻ നിലമ്പൂരെത്തി. തുടർന്ന് ഓട്ടോയിൽ രാത്രി ഒരു മണിയോടെ മുണ്ടേരി ഫാമിൽ വന്നു. ശനിയാഴ്ച പുലർച്ച 5.30ന് നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് പുറപ്പെട്ട പാസഞ്ചർ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് സ്റ്റേഷനിൽനിന്ന് 500 മീറ്റർ അകലെ ഷിബു റോഡിന് സമീപം ട്രാക്കിൽ മൃതദേഹം കിടക്കുന്നതായി കണ്ടത്. ഉടൻ റെയിൽവേ സ്റ്റേഷനിൽ വിവരം അറിയിച്ചു. രാത്രി വൈകി മനുവിനെ നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടവരുണ്ട്.
മദ്യലഹരിയിൽ പാളത്തിലൂടെ നടന്നു പോകവെ പുലർച്ചെ 3.05ന് ഷൊർണൂരിലേക്ക് പോയ മെമു ട്രെയിൻ ഇടിച്ചതായാണ് നിലമ്പൂർ പൊലീസിന്റെ നിഗമനം. അഞ്ചിന് നിലമ്പൂരിലേക്ക് വന്ന രാജ്യറാണി എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് ട്രാക്കിൽ ചാക്കുകെട്ടുപോലെ അവ്യക്ത ദൃശ്യം കണ്ടതായി പൊലീസിന് മൊഴി നൽകി. നിലമ്പൂർ എസ്.ഐ ടി. മുജീബ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. തലക്ക് ക്ഷതവും ദേഹത്ത് പരിക്കുകളുമുണ്ട്. ഇരുകാലുകൾ ഒടിഞ്ഞ നിലയിലാണ്. മഞ്ചേരി മെഡിക്കൽ കോളജിൽ പൊലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തി.