കൂറ്റനാട് (പാലക്കാട്): ട്രെയിൻ യാത്രക്കിടെ പ്രമുഖ വാദ്യകലാകാരൻ പെരിങ്ങോട് മതുപ്പുള്ളി സ്വദേശി പേരടിപ്പുറത്ത് ഉണ്ണികൃഷ്ണൻ (59) കുഴഞ്ഞുവീണു മരിച്ചു. റെയിൽവേ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹായത്തോടെ തുടർനടപടികൾക്കുശേഷം മൃതദേഹം ആംബുലൻസിൽ നാട്ടിലെത്തിച്ചു.
ചെണ്ട, മദ്ദളം, താളം എന്നിവയിൽ മികവു പുലർത്തിയിരുന്ന ഉണ്ണികൃഷ്ണൻ പഞ്ചവാദ്യത്തിൽ മദ്ദളരംഗത്താണ് തിളങ്ങിയത്. വൈദ്യുതി വകുപ്പിൽനിന്ന് വിരമിച്ചശേഷം വാദ്യകലാരംഗത്ത് സജീവമായിരുന്നു. തൃശൂർ ചേലക്കര മാധവൻകുട്ടിയുടെ പഞ്ചവാദ്യ സംഘത്തോടൊപ്പം മഹാരാഷ്ട്രയിൽ വിവിധ സ്ഥലങ്ങളിൽ പഞ്ചവാദ്യം അവതരിപ്പിച്ച് മടക്കയാത്രയിലാണ് കുഴഞ്ഞുവീണത്.
ഇതേ വണ്ടിയില്‍ ഗുജറാത്തിൽനിന്ന് മടങ്ങിവരുകയായിരുന്ന വാദ്യസംഘത്തിലെ മലയാളി സുഹൃത്തുക്കളും സഹപ്രവർത്തകരും, മുംബൈ-പനവേൽ മലയാളി സമാജം പ്രവർത്തകരും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വ്യാഴാഴ്ച രാവിലെ പള്ളം ശാന്തിതീരത്ത് സംസ്കരിച്ചു. വാദ്യകലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും വീട്ടിലെത്തി അനുശോചനമറിയിച്ചു.
ഭാര്യ: കുമാരി (ആശാ വർക്കർ, തിരുമിറ്റക്കോട് പഞ്ചായത്ത്). മക്കൾ: ദേവീകൃഷ്ണ, മീരാകൃഷ്ണ.