ജുബൈൽ: ആലപ്പുഴ സ്വദേശിയെ സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങോലി കീരിക്കാട് കൈമൂട്ടിൽ തെക്കേതിൽ വീട്ടിൽ അനസ് ഫിറോസ് ഖാൻ (43) ആണ് മരിച്ചത്. രണ്ടു വർഷമായി സൗദിയിലുള്ള അനസ് ജുബൈലിലെ മുസാദ് അൽ-സൈഫ് കമ്പനിയിൽ പ്രൊജക്റ്റ് മാനേജരാണ്.കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് മുതൽ ഫോണിൽ കിട്ടാഞ്ഞതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ജിദ്ദയിലുള്ള സഹോദരി ഭർത്താവ് സ്വാലിഹ് എത്തിയാൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴ, അരുൺ കല്ലറ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമം തുടങ്ങി. ഭാര്യ: ജാസ്മിൻ, മക്കൾ: ആബിദ്, ആയിഷ. സഹോദരി അനീഷ (ജിദ്ദ).