അടൂർ: അടൂരിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് ഇരുചക്രവാഹന യാത്രികർ മരിച്ചു. അടൂർ- --പുനലൂർ റോഡിൽ ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് പറക്കോട്ട് നടന്ന അപകടത്തിൽ ലോറിയുടെ പിൻചക്രം കയറി സ്കൂട്ടർ യാത്രികൻ തേപ്പുപാറ വെള്ളപ്പാറ മുരുപ്പ് കുറ്റിയാണിക്കൽ റോയിയാണ് (45) മരിച്ചത്. ഏഴംകുളത്തുനിന്ന് പറക്കോട് ഭാഗത്തേക്ക് സ്കൂട്ടറിൽ വന്ന റോയിയുടെ സ്കൂട്ടർ അപ്രതീക്ഷിതമായി റോഡിലേക്ക് മറിയുകയായിരുന്നു. അടൂർ എം.ജി റോഡിൽ പന്നിവിഴ സർവിസ് സഹകരണ ബാങ്കിന് സമീപം 3.45ന് നടന്ന വാഹനാപകടത്തിൽ ഗോപുരം കൺസ്ട്രക്ഷൻസ് ഉടമ അടൂർ എം.ജി റോഡ് അനിൽഭവനിൽ എൻ.അനിൽകുമാർ (വാവ -47) മരിച്ചു.റോഡരികിൽ ബൈക്കിലിരുന്ന് അനിൽകുമാർ സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കാർ റോഡിന് കുറുകെ മറിഞ്ഞു. റോയിയുടെ ഭാര്യ: സുജ. മക്കൾ: സോന, സോണി. അനിൽകുമാറിെൻറ ഭാര്യ: ബീന. മക്കൾ: ഭവ്യ, ഭഗ്യനന്ദ.