കുട്ടനാട്: ഉപയോഗശൂന്യമായ വീട് പൊളിച്ചുനീക്കാൻ ശ്രമിക്കുന്നതിനിടെ ഭിത്തിയിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് തൈപ്പറമ്പിൽ സിബിച്ചെൻറ ഭാര്യ പ്രഭാവതിയാണ് (44) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ കണ്ണാടി തൊണ്ണൂറിൻചിറക്ക് സമീപമാണ് അപകടം നടന്നത്. തൊണ്ണൂറിൻചിറക്ക് സമീപത്തെ പ്രഭാവതിയുടെ കുടുംബവീട്ടിൽ മാതാവ് കുഞ്ഞമ്മ മാത്രമാണുള്ളത്. തിങ്കളാഴ്ച പകൽ ഇവിടെയെത്തിയ പ്രഭാവതി വീടിനോടുചേർന്ന ഉപയോഗശൂന്യമായ പഴയ വീടിെൻറ ഭിത്തി പൊളിച്ചുനീക്കാൻ ശ്രമിക്കുകയായിരുന്നു.
കമ്പിപ്പാര ഉപയോഗിച്ച് വീട്ടിനുള്ളിൽനിന്ന് ഇഷ്ടികകൾ പൊളിച്ചുനീക്കാൻ ശ്രമിക്കുന്നതിനിടെ ഭിത്തിയൊന്നാകെ പ്രഭാവതിയുടെ ശരീരേത്തക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. വയറിന് താഴേക്കുള്ള ഭാഗം മുഴുവൻ ഭിത്തിക്കടിയിൽ പെട്ടുപോയ നിലയിലായിരുന്നു.
പ്രഭാവതിയുടെ മകൾ സ്വർണമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളാണ് തകർന്ന ഭിത്തിക്കടിയിൽ നിന്നും പ്രഭാവതിയെ പുറത്തെടുത്തത്. തുടർന്ന് പുളിങ്കുന്ന് താലൂക്കാശുപത്രിയിലും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പ്രസിത്, സിജിത് എന്നിവരാണ് പ്രഭാവതിയുടെ മറ്റു മക്കൾ.