പേരാമ്പ്ര: പ്രശസ്ത നാടക നടി കോടേരിച്ചാലിലെ ലക്ഷ്മി കോടേരി (70) നിര്യാതയായി. അര്‍ബുദ ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. 12ാം വയസ്സു മുതല്‍ അരങ്ങിലെത്തിയ ലക്ഷ്മി ആയിരത്തില്‍പരം കഥാപാത്രങ്ങള്‍ക്ക് ജീവൻ നൽകി. കാളിദാസ കലാകേന്ദ്രത്തിെൻറ സി. എല്‍. ജോസ് സംവിധാനം ചെയ്ത കറുത്ത വെളിച്ചമാണ് ആദ്യ നാടകം. കേരളത്തിലെ വിവിധ അമച്ച്വര്‍ നാടക ട്രൂപ്പുകളിലും തെരുവുനാടകങ്ങളിലും സജീവമായിരുന്നു. 1989 മുതല്‍ സ്റ്റേജ് ഇന്ത്യയിലൂടെ പ്രഫഷനല്‍ നാടകരംഗത്തെത്തിയ ലക്ഷ്മി കോടേരി വടകര വരദ, കോഴിക്കോട് സംഘചേതന തുടങ്ങിയ ട്രൂപ്പുകളിലൂടെ നാടകരംഗത്ത് നിറഞ്ഞുനിന്നു. കോഴിക്കോട് ആകാശവാണിയുടെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. 2018ല്‍ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ് നല്കി ആദരിച്ചു. കോവിഡ് ബോധവത്കരണ ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. മകന്: മനോജ് കോടേരി (സിവില്‍ എൻജിനീയര്‍). മരുമകള്‍: രജനി. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന് നായര്‍, കുഞ്ഞിരാമന് നായര്‍, ഗോപാലന് നായര്‍.