കിളിമാനൂർ: വർക്കല കാപ്പിൽതീരത്ത് പൊഴിയിൽ കൂട്ടുകാർക്കൊപ്പം കുളിക്കവെ കാണാതായ യുവാവിെൻറ മൃതദേഹം നീണ്ടകരയിൽനിന്ന് കണ്ടെത്തി.
കിളിമാനൂർ പുല്ലയിൽ മൊട്ടലുവിള ചരുവിളവീട്ടിൽ പരേതനായ ശശീന്ദ്രെൻറയും സതിയുെടയും മകൻ സതീഷ് (28) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സതീഷും അഞ്ചുസുഹൃത്തുക്കളും കാപ്പിൽതീരത്ത് പൊഴിയിൽ കുളിക്കാനിറങ്ങിയത്. ശക്തമായ തിരയിൽപെട്ട് കാണാതാകുകയായിരുന്നു.
സുഹൃത്തുക്കളുടെ നിലവിളികേട്ട് സ്ഥലത്തെത്തിയ നാട്ടുകാരും തീരസംരക്ഷണ സേനയും പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല.
ശനിയാഴ്ച നീണ്ടകരക്ക് സമീപം മുക്കം കടൽഭാഗത്ത് മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ എത്തി തിരിച്ചറിയുകയായിരുന്നു. അയിരൂർ പൊലീസ് കേസെടുത്തു.
കൊല്ലം ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു. അവിവാഹിതനും ടാപ്പിങ് തൊഴിലാളിയുമാണ്.
സഹോദരങ്ങൾ: സന്ധ്യ, ചിന്നു.