നെടുങ്കണ്ടം: അണുബാധ മൂലമുണ്ടായ അസുഖത്തെതുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു.
വിദഗ്ധചികിത്സക്ക് നിർദേശിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ലഭിക്കുന്നതിന് മുമ്പാണ് രോഗം മൂർഛിച്ച് നെടുങ്കണ്ടം താന്നിമൂട് പതാലിൽ പി.എച്ച്. ജലാൽ (62) മരിച്ചത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
പരിശോധനക്കുശേഷം ഡ്യൂട്ടി ഡോക്ടർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. 108 ആംബുലൻസ് കോവിഡ് രോഗിയുമായി വന്നതിനാൽ അണുനശീകരണം നടത്തേണ്ടിയിരുന്നു. അപ്പോഴേക്കും രോഗിയുടെ അവസ്ഥ മോശമാകുകയും മരിക്കുകയുമായിരുന്നു.