കല്ലമ്പലം: പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സീനിയർ സിവിൽ പൊലീസ് ഓഫിസർ വർക്കല പാളയംകുന്ന് തൃഷ്ണയിൽ മനോജാണ് (42) മരിച്ചത്. വ്യാഴാഴ്ച രാത്രി 11ന് ആയിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വിശ്രമമുറിയിലായിരുന്ന മനോജിനെ വി.ഐ.പി പൈലറ്റ് ഡ്യൂട്ടി കഴിഞ്ഞ് സഹപ്രവർത്തകർ തിരികെ വന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം കോവിഡ് പരിശോധനക്കും പോസ്റ്റ്േമാർട്ടത്തിനുമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ലിജി. മക്കൾ: കൃഷ്ണാ ജിത്ത്, അലീഷ് കൃഷ്ണ. നാലുവർഷമായി കല്ലമ്പലം സ്റ്റേഷനിലാണ്. ജോലി ഭാരമോ മാനസിക സമ്മർദമോ ഇല്ലായിരുന്നെന്ന് കല്ലമ്പലം പൊലീസ് പറഞ്ഞു. കടബാധ്യതകളോ മറ്റ് കുടുംബ പ്രശ്നങ്ങളോ ഇല്ലെന്ന് ബന്ധുക്കളും അറിയിച്ചു. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.