നെടുമങ്ങാട്: സുഹൃത്തുക്കൾക്കൊപ്പം പോത്തിനെ മേയ്ക്കാൻ പോയ യുവാവ് വെള്ളക്കെട്ടിൽ മുങ്ങി മരിച്ചനിലയിൽ. നെടുമങ്ങാട് വാളിക്കോട് ദർശന സ്കൂളിനു സമീപം മുളവങ്കോട് തടത്തരികത്തു വീട്ടിൽ പരേതനായ മുഹമ്മദ് സാലി - റംല ബീവി ദമ്പതികളുടെ മകൻ ജാഫർ (35) ആണ് മരിച്ചത്.
കയ്പ്പാടി സന്നഗറിൽ സ്കൂൾ കെട്ടിടത്തിെൻറ ലിഫ്റ്റ് നിർമിക്കാനായി തയാറാക്കിയ ടാങ്കിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം.
വ്യാഴാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് സംഭവം. സുഹൃത്തുക്കളായ ഷമീർ, സുധീർ എന്നിവർക്കൊപ്പം പോത്തിനെ മേയ്ക്കാൻ പോകവെ തുറന്നു കിടന്ന വെള്ളവും ചളിയും നിറഞ്ഞ ടാങ്കിൽ വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഫയർ ഫോഴ്സാണ് മൃതദേഹം പുറത്തെടുത്തത്. സഹോദരങ്ങൾ: സിയാദ്, ഷീബ, സീനത്ത്, മാജിത, മുഹമ്മദ് റാഫി, ഷാമില, അൽ അമീൻ, ആമിന.