ചെങ്ങന്നൂർ: വഴിത്തർക്കെത്തതുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ കഴിഞ്ഞ വയോധിക മരിച്ചു. ആലാ പെണ്ണുക്കര വടക്ക് പൂമലവായേത്ത് പുത്തൻപുരയിൽ വീട്ടിൽ പരേതനായ രാജെൻറ ഭാര്യ ലിസാമ്മയാണ് (73) മരിച്ചത്. വീടിനു സമീപത്തെ പുരയിടത്തിൽകൂടിയുള്ള വഴിയെച്ചൊല്ലി കോടതിയിൽ നടന്ന കേസ് പുരയിട ഉടമ ശ്രീരംഗത്ത് കേശവപിള്ളക്ക് അനുകൂലമായി വിധിച്ചിരുന്നു. തുടർന്ന് ഉടമകൾ പുരയിടത്തിൽ മതിൽകെട്ടാൻ എത്തിയപ്പോഴാണ് വീട്ടുമുറ്റത്തുവെച്ച് ശരീരത്ത് മണ്ണെണ്ണയൊഴിച്ച് തീവെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. 60 ശതമാനം പൊള്ളലേറ്റ വയോധികയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് സംഭവം. രാത്രി മരണപ്പെട്ടു.
ലിസാമ്മയുടെ ശരീരത്തിൽ തീ ആളിപ്പിടിക്കുന്നതുകണ്ട വസ്തു ഉടമയുടെ മകനായ ഡോക്ടറും കൂടെയെത്തിയ പണിക്കാരും ചേർന്ന് തീയണച്ച് ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കോവിഡ് പരിശോധനഫലം നെഗറ്റിവായിരുന്നു. മക്കൾ: ഷേർളി, ഷിബു, ഷീബ. മരുമകൻ: സാം.