ചേർത്തല: തെങ്ങിന് മുകളിൽ മരുന്നടിക്കാൻ കയറിയ ആൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കഞ്ഞിക്കുഴി പൂപ്പള്ളിക്കാവ് ക്ഷേത്രത്തിന് സമീപം മാരാരിക്കുളം വടക്ക് പഞ്ചായത്ത് 11ാം വാർഡിൽ അരുണകിരൺ വീട്ടിൽ ശിവരാമ കുറുപ്പിെൻറ മകൻ ചന്ദ്രശേഖരകുറുപ്പാണ് (ബാബു- 57) തെങ്ങിന് മുകളിൽ കുഴഞ്ഞുവീണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. കഞ്ഞിക്കുഴിയിൽ സ്വകാര്യ കയർ ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബാബു. കേടുവന്ന തെങ്ങിന് മരുന്ന് തളിക്കാനാണ് കയറിയത്. തുടർന്ന് അബോധാവസ്ഥയിൽ ഓലകൾക്കിടയിൽ കുടുങ്ങി കിടക്കുന്നത് വീട്ടുകാർ കണ്ടതോടെ ചേർത്തല അഗ്നിശമന സേനയെ വിവരമറിയിച്ചു. അഗ്നിശമനജീവനക്കാരും മാരാരിക്കുളം പൊലീസും നാട്ടുകാരും ചേർന്ന് ബാബുവിനെ വലയിൽ കെട്ടിയാണ് താഴെ ഇറക്കിയത്. ചേർത്തല താലൂക്കാശുപത്രിയിൽ എത്തിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്ക് ശേഷം തിങ്കളാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: ഗിരിജ. മക്കൾ: അരുൺ, കിരൺ.