അരൂർ: പണിക്ക് പോകാനിറങ്ങിയ കെട്ടിട നിർമാണത്തൊഴിലാളി ദേശീയപാതയിൽ കാറിടിച്ച് മരിച്ചു.
ചന്തിരൂർ പുതുവൽ നികർത്തിൽ വിജയനാണ് (55) മരിച്ചത്. ദേശീയപാതയിൽ ചന്തിരൂർ ഗവ. ഹൈസ്കൂളിന് മുന്നിൽ ശനിയാഴ്ച രാവിലെ 6.30നായിരുന്നു അപകടം. ജോലിക്ക് എറണാകുളത്തേക്ക് പോകുന്നതിനിടെ ചങ്ങനാശ്ശേരിയിൽനിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് പോകുകയായിരുന്ന കാറാണ് ഇടിച്ചത്. വിജയൻ തൽക്ഷണം മരിച്ചു. വിജയനെ ഇടിച്ചുവീഴ്ത്തിയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ രണ്ട് കടകളുടെ തൂണുകൾ തകർത്തശേഷം 110 കെ.വിയുടെ ഇരുമ്പുനിർമിത വൈദ്യുതി പോസ്റ്റിൽ ഇടിച്ചുനിന്നു.
ഇടിയുടെ ആഘാതത്തിൽ വൈദ്യുതിപോസ്റ്റ് രണ്ട് കഷണങ്ങളായി. കമ്പികളും പൊട്ടിവീണു. പോസ്റ്റിൽ കാറിടിച്ച ഉടൻ വലിയ തോതിൽ തീപടർന്നു. ഡ്രൈവർ ഉൾപ്പെടെ നാലുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. സംസ്കാരം ഞായറാഴ്ച ഒരുമണിക്ക്. ഭാര്യ: രമണി. മക്കൾ: സുജിത്ത്, വിജിത, അനു. മരുമക്കൾ: ചിഞ്ജു, അഭിലാഷ്.