ശബരിമല: പമ്പയിൽ ഡ്യൂട്ടിക്കെത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന് ഹൃദയാഘാതം മൂലം മരിച്ചു. തൊടുപുഴ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസിലെ റവന്യൂ ഇന്‍സ്പെക്ടര്‍ തൊടുപുഴ പെരുമ്പള്ളിച്ചിറ പുതുപ്പറമ്പില്‍ ജി.അഭിലാഷാണ് (47) മരിച്ചത്. കഴിഞ്ഞ 11നാണ് പമ്പയില്‍ ജോലിക്കെത്തിയത്. ഞായറാഴ്ച രാത്രി ഭക്ഷണശേഷം വിശ്രമിക്കാൻ പോയ അഭിലാഷിനെ തിങ്കളാഴ്ച രാവിലെ മുറിയിൽ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പമ്പ പൊലീസിെൻറ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് െപാലീസിെൻറ പ്രാഥമിക നിഗമനം. കോവിഡ് പരിശോധനക്കുശേഷം ചൊവ്വാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ്: സരളാദേവി. രജിസ്ട്രേഷന് വകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് സിനി സുകുമാരനാണ് ഭാര്യ. മക്കള്‍: അഭിരാമി, ആദിത്യ (വിദ്യാര്‍ഥികള്‍). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പെരുമ്പിള്ളിച്ചിറ വീട്ടുവളപ്പില്‍. കാരിക്കോട്, ഭരണങ്ങാനം വില്ലേജ് ഓഫിസുകള്‍, തൊടുപുഴ താലൂക്ക് ഓഫിസ്, ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫിസ് എന്നിവിടങ്ങളില്‍ അഭിലാഷ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് തൊടുപുഴ തഹസില്‍ദാര്‍ കെ.എം. ജോസുകുട്ടി, എല്‍.ആര്. തഹസില്‍ദാര്‍ വി.ആര്. ചന്ദ്രന്‍പിള്ള, ഹെഡ്ക്വാര്‍ട്ടേഴ്സ് തഹസില്‍ദാര്‍ ഒ.എസ്. ജയകുമാര്‍ എന്നിവരും ബന്ധുക്കളും കോട്ടയം മെഡിക്കല്‍ കോളജിലെത്തി.