ആമ്പല്ലൂര്‍: പാലപ്പിള്ളി എലിക്കോട് വനത്തിലെ പൊളിക്കല്ലില് കാട്ടാനയുടെ ആക്രമണത്തില്‍ ഊരുമൂപ്പന് മരിച്ചു. എലിക്കോട് ആദിവാസി കോളനിയിലെ ഊരുമൂപ്പൻ മലയന്‍ വീട്ടില്‍ ഉണ്ണിച്ചെക്കനാണ് (60) മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. ഫയര്‍ വാച്ചര്‍മാരായി ജോലി ചെയ്യുന്ന ഉണ്ണിച്ചെക്കനടക്കം ഏഴുപേര്‍ ഫയര്‍ ലൈനിലെ അടിക്കാടുകള്‍ വെട്ടുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. ഭക്ഷണമടങ്ങിയ ബാഗ് പണിസ്ഥലത്തുനിന്ന് അല്പം ദൂരത്തേക്ക് മാറ്റിവെക്കാന്‍ പോയതായിരുന്നു ഉണ്ണിച്ചെക്കന്. ഈ സമയം കാട്ടിനുള്ളില്‍ നിന്നിരുന്ന ഒറ്റയാന് തുമ്പിക്കൈകൊണ്ട് അടിച്ച് നിലത്തിട്ട ശേഷം കൊമ്പുകൊണ്ട് കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഉണ്ണിച്ചെക്കനെ കൂടെയുണ്ടായിരുന്നവരും വനപാലകരും ചേര്‍ന്ന് ജില്ല ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സി.പി.എം പാലപ്പിള്ളി ലോക്കല്‍ കമ്മിറ്റി അംഗവും പട്ടിക വര്‍ഗ ക്ഷേമ സമിതി ജില്ല കമ്മിറ്റി അംഗവുമാണ്. പാലപ്പിള്ളി പട്ടികവര്‍ഗ സഹകരണ സംഘം മുന്‍ പ്രസിഡൻറ്, വന സംരക്ഷണ സമിതി മുന്‍ പ്രസിഡൻറ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: മണി. മകള്‍: സൗമ്യ.