അഞ്ചാലുംമൂട്: ബന്ധുവായ യുവാക്കളുടെ മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. തൃക്കടവൂർ സരിതാ ഭവനിൽ ശശിധരൻപിള്ളയാണ് (69) മരിച്ചത്.ജനുവരി 31ന് വൈകീട്ടാണ് ശശിധരൻപിള്ളയെ സഹോദരപുത്രനായ അപ്പു എന്ന വിഷ്ണു (25), ചെറുമകൻ ടിങ്കൂസ് (20) എന്നിവർ ചേർന്ന് മർദിച്ചു. വിഷ്ണു പിതാവിനെ മർദിക്കുന്നതുകണ്ട് തടസ്സം പിടിക്കാൻ ചെല്ലുന്നതിനിടെയാണ് ശശിധരൻപിള്ളക്ക് മർദനമേറ്റത്. വിഷ്ണു വടി കൊണ്ട് തലക്കടിക്കുകയും ടിങ്കൂസ് നെഞ്ചിൽ ചവിട്ടുകയുമായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം മതിലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന്, നില വഷളായതോടെ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വെൻറിലേറ്ററിൽ ചികിത്സയിലിരുന്ന ശശിധരൻപിള്ള വെള്ളിയാഴ്ച രാത്രിയോടെയാണ് മരിച്ചത്. ഭാര്യ: ശ്രീദേവി. മക്കൾ: സുനിത, പരേതയായ സരിത. മരുമകൻ: സോനു.കേസിലെ പ്രതിയായ വിഷ്ണു കുരീപ്പുഴയിൽ വീടുകയറി അമ്മയെയും മകനെയും ആക്രമിച്ച കേസിലും പ്രതിയാണ്.അസ്വാഭാവിക മരണത്തിന് കേസെടുത്തതായി അഞ്ചാലുംമൂട് പൊലീസ് പറഞ്ഞു. അതേസമയം മരണം കൊലപാതകമാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.