വഴിത്തർക്കം; ഗൃഹനാഥൻ കുത്തേറ്റു മരിച്ചു
അയൽവാസികൾ അറസ്റ്റിൽ
മണ്ണഞ്ചേരി: അയൽവാസികൾ തമ്മിലുണ്ടായ വഴിത്തർക്കത്തിനിടെ ഗൃഹനാഥൻ കുത്തേറ്റു മരിച്ചു. തടയാൻ ചെന്ന ഭാര്യക്കും മകൾക്കും കുത്തേറ്റു. സംഭവത്തിൽ അയൽവാസിയെയും ഭാര്യയെയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാർഡ് പനമൂട് പട്ടാട്ടുചിറയിൽ കുഞ്ഞുമോനാണ് (കുട്ടച്ചൻ -48) മരിച്ചത്. പട്ടാട്ടുചിറയിൽ ലോകേശൻ (59), ഭാര്യ അജിതകുമാരി (47), മകൾ അരുന്ധതി (22) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 9.30ഒാടെയായിരുന്നു കൊലപാതകം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: അയൽവാസികളായ ഇരുകൂട്ടരും തമ്മിൽ വർഷങ്ങളായി വഴി-അതിർത്തി തർക്കമുണ്ട്. സംഭവദിവസം രാത്രി മദ്യപിച്ചെത്തിയ കുഞ്ഞുമോനും അയൽവാസിയുമായി വാക്തർക്കമുണ്ടായി. പിന്നീട് ലോകേശൻ കുഞ്ഞുമോെൻറ വീട്ടിലെത്തി കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ കുഞ്ഞുമോെൻറ ഭാര്യ ബിന്ദുവിനെയും (45) നയനയെയും (19) അജിതകുമാരി കുത്തുകയും അരുന്ധതി ഇരുമ്പുവടിക്ക് അടിക്കുകയും ചെയ്തു.
നാട്ടുകാരാണ് കുഞ്ഞുമോനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചു. നെഞ്ചിലും വയറ്റിലും കുത്തേറ്റ് ആന്തരികാവയവങ്ങൾ പുറത്തേക്ക് ചാടിയ നിലയിലായിരുന്നു. ആക്രമണത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് രാത്രി തന്നെ കസ്റ്റഡിയിലെടുത്തു.
തെങ്ങുകയറ്റ, മരം വെട്ട് തൊഴിലാളിയായ കുഞ്ഞുമോൻ പഞ്ചായത്ത് കർമസേന അംഗവുമാണ്. ഒരുമാസം മുമ്പായിരുന്നു മൂത്തമകൾ ശരണ്യയുടെ വിവാഹം. മരുമകൻ അരുൺ പ്രീതികുളങ്ങരയിലെ ശാന്തിയാണ്. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിന്ദുവിനെയും നയനയെയും കലവൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കുഞ്ഞുമോെൻറ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മണ്ണഞ്ചേരി സി.ഐ രവി സന്തോഷിെൻറ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഫോറൻസിക്-വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി.