കട്ടപ്പന: മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടുക്കി വെൺമണി വെള്ളമരുതുങ്കൽ ജെഫിൻ ബിജുവാണ് (29) മരിച്ചത്. കട്ടപ്പന-കുമളി ദേശീയപാതയിൽ ആനവിലാസം കടമക്കുഴിക്ക് സമീപം വ്യാഴാഴ്ച വൈകീട്ട് 4.45 ഓടെയായിരുന്നു അപകടം.
കട്ടപ്പനയിൽനിന്ന് ബൈക്കിൽ കുമളിക്ക് പോകുകയായിരുന്നു ജെഫിൻ. ആനവിലാസത്തുനിന്ന് കട്ടപ്പനയിലേക്ക് വരുകയായിരുന്ന സ്വകാര്യബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ജെഫിൻ ബസിനടിയിൽപെട്ട് സംഭവസ്ഥലത്തുതന്നെ മരിച്ചു. കട്ടപ്പന പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.