തിരുവനന്തപുരം: കേന്ദ്രസർക്കാർ ജീവനക്കാരുടെ കോൺഫെഡറേഷൻ നേതാവ് കരമന മരുതൂർക്കടവ് എം.ഇ.ആർ.എ 35 നന്ദനത്തിൽ എം. കൃഷ്ണൻ (66) നിര്യാതനായി. കാസർകോട് സ്വദേശിയാണ്. കോവിഡ് ബാധിച്ച് ഫെബ്രുവരി 23 മുതൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി 9.30 ഒാടെ മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച പുലർച്ച 5.15 ഒാടെ മരിച്ചു.
മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. സംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പിന്നീട്. സി.പി.എം ചാല ഏരിയ കമ്മിറ്റി അംഗമാണ്. പോസ്റ്റൽ ആൻഡ് ടെലഗ്രാം ജീവനക്കാരുടെ അഖിലേന്ത്യ സെക്രട്ടറിയായും കേന്ദ്ര സർക്കാർ ജീവനക്കാരുടെ കോൺഫെഡറേഷെൻറ അഖിലേന്ത്യാ നേതാവായും പ്രവർത്തിച്ചു.
1974 ൽ കാസർകോട് ഡിവിഷനിൽ പോസ്റ്റൽ അസിസ്റ്റൻറായി സർവിസിൽ പ്രവേശിച്ചു. 1976 ൽ എൻ.എഫ്.പി.ഇ യുടെ കാസർകോട് ബ്രാഞ്ച് സെക്രട്ടറിയായി സംഘടനാരംഗത്ത് കടന്നുവന്നു. പിന്നീട് തലസ്ഥാനത്തേക്ക് സ്ഥലംമാറ്റം കിട്ടിവന്നു. സംഘടനയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി ഏറെനാൾ പ്രവർത്തിച്ചു. ഭാര്യ: സരോജനി (റിട്ട. െഎ.ഒ.ബി ഉദ്യോഗസ്ഥ). മക്കൾ: അഞ്ജു കൃഷ്ണൻ (പോളണ്ട്), അഞ്ജന കൃഷ്ണൻ. മരുമക്കൾ: പ്രിനി, ജിനു (യു.എസ്.ടി ഗ്ലോബൽ).
എം. കൃഷ്ണെൻറ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. എൻ.ജി.ഒ യൂനിയൻ സംസ്ഥാന കമ്മിറ്റിയും സി.ഐ.ടി.യു സംസ്ഥാന സെക്രേട്ടറിയറ്റും ദുഃഖം രേഖപ്പെടുത്തി.