കൂട്ടിലങ്ങാടി: നേപ്പാൾ സ്വദേശിയെ കുറുവ കൂട്ടിലങ്ങാടി മദ്റസക്ക് സമീപത്തെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗൂർഖ റാംസിങ് (64) ആണ് മരിച്ചത്. നാലു വർഷത്തോളമായി ഇയാൾ ഇവിടെ ഒറ്റക്കായിരുന്നു താമസം. വാതിൽ അകത്തു നിന്ന് കുറ്റിയിട്ട് കിടന്നുറങ്ങിയതായിരുന്നു. ദുർഗന്ധം അനുഭവപ്പെട്ടതിനാൽ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം നാലോടെ പൊലീസ് എത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് തറയിൽ ഉറങ്ങുന്നതിനിടെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. 35 വർഷത്തിലേറെയായി മലപ്പുറം നഗരസഭയിലും കുറുവ, കോഡൂർ, കൂട്ടിലങ്ങാടി, ആനക്കയം എന്നീ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുമായി ഇയാൾ കാവൽക്കാരനായി ജോലി ചെയ്തിരുന്നു. കൊളത്തൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. കോവിഡ് പരിശോധനാഫലം ലഭിച്ച് പോസ്റ്റ് മോർട്ടത്തിന് ശേഷം പൊതുശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: കമലാക്ഷി. ഒരു മകനുണ്ട്.